അപകടമെന്ന് കരുതിയ യുവതിയുടെ മരണത്തിൽ പുതിയൊരു വഴിത്തിരിവ്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. മരിച്ച യുവതിയുടെ ഫോൺ സൈബർ വിദഗ്ധരുടെ സഹായത്തോടെ പിതാവ് അൺലോക്ക് ചെയ്തതോടെയാണ് നടുക്കുന്ന ചില സത്യങ്ങൾ പുറത്തായത്. ഭർത്താവും കുടുംബവും ചേർന്ന് തന്നെ നാളുകളായി പീഡിപ്പിക്കുന്നതായും താൻ ജീവിക്കുന്നത് നരഗത്തിലാണെന്നും മുസ്കൻ ജയിൻ എന്ന അദ്ധ്യാപിക സ്വന്തം ഫോണിൽ റെക്കോര്ഡ് ചെയ്ത വീഡിയോയിൽ പറയുന്നു.
ജനുവരി 16-നാണ് ഇവർ കോണിപ്പടിയിൽ നിന്ന് കാൽവഴുതി വീണ് മരിച്ചെന്ന് പറയുന്നത്. ഭർത്താവും കുടുംബവുമാണ് ഇക്കാര്യം പറഞ്ഞിരുന്നത്. നാലു വീഡിയോകളാണ് യുവതിയുടെ ഫോണിൽ നിന്ന് ലഭിച്ചത്. ഒരു വീഡിയോയിൽ അസ്വസ്ഥതയായ യുവതി കരഞ്ഞുകൊണ്ടാണ് തനിക്ക് നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് പറയുന്നത്. രണ്ടുവർഷമായി എന്റെ ഭർത്താവിന്റെ കുടുംബം പീഡിപ്പിക്കുകയാണ്. ഭർത്താവും ഇങ്ങനെയാകുമെന്നും ഞാൻ കരുതിയില്ല. എനിക്ക് മതിയായി.
എന്നാണ് ഇവർ പറയുന്നത്. വീഡിയോ പുറത്തുവന്നതോടെ യുവതിയുടെ മരണം അപകടമല്ലെന്ന നിഗമനത്തിലാണ് പിതാവ്. ഭർത്താവ് പ്രിയാൻഷ് ശർമ്മ ഇയാളുടെ മാതാവ് മീതു ശർമ, അച്ഛൻ നിർമൽ ശർമ എന്നിവർക്കെതിരെ പരാതി നൽകി. പ്രിയാൻഷും മുസ്കനും ബാല്യകാല സുഹൃത്തുക്കളായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.