കോട്ടയം: കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളിൽ റാഗിംഗ് നടത്തിയ 5 വിദ്യാർത്ഥികള്‍ അറസ്റ്റിൽ. സാമുവല്‍ ജോൺസൺ, എൻ എസ് ജീവ, കെ പി രാഹുൽ രാജ്, സി റിജിൽ ജിത്ത്, വിവേക് എൻപി എന്നിവർ ആണ് അറസ്റ്റിലായത്.
ഒന്നാംവർഷ വിദ്യാർത്ഥികളെയാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തത്. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസിപ്പാൾ നടപടി എടുത്തത്.
കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നാംവർഷ വിദ്യാർത്ഥകളെ മൂന്നാം വർഷ വിദ്യാർത്ഥികൾ മൂന്ന് മാസത്തോളം റാഗ് ചെയ്യുകയായിരുന്നു. വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും, നഗ്നരാക്കി നിർത്തി മുറിവിൽ ലോഷൻ തേച്ചു എന്നും പരാതിയിൽ പറയുന്നു. ഇവരെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു. വിദ്യാർഥികളെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
വിദ്യാർഥികളെ നഗ്നരാക്കി നിർത്തി, വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബൽ സ്വകാര്യഭാഗങ്ങളിൽ തൂക്കി ക്രൂരത കാട്ടി, കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി മുറിവേൽപിച്ചു, മുറിവിൽ ലോഷൻ തേച്ചു. ഇങ്ങിനെയൊക്കെ വളരെ ക്രൂരമായിട്ടായിരുന്നു റാഗിങ്ങ്. ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചു എന്നും പരാതിയുണ്ട്.
ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും കുട്ടികളിൽ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദിച്ചിരുന്നതായും ആരോപണമുണ്ട്.















