കണ്ണൂർ: മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ. പനിക്കുള്ള സിറപ്പിന് പകരം ഡ്രോപ്സാണ് മെഡിക്കൽ സ്റ്റോറിൽ നിന്ന് നൽകിയത്. കണ്ണൂർ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽ ഷോപ്പിനെതിരെയാണ് പരാതി.
ചെറുകുന്ന് സ്വദേശി ഷമീറിന്റെ കുഞ്ഞാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. മാർച്ച് എട്ടിന് വൈകുന്നേരമാണ് കുഞ്ഞിന് മരുന്ന് കൊടുത്തത്. പിന്നാലെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. സിറപ്പിനാണ് ഡോക്ടർ എഴുതിയിരുന്നത്.
മരുന്ന് ഓവർ ഡോസാവുകയും കുഞ്ഞിന്റെ കരളിനെ ബാധിക്കുകയും ചെയ്തെന്ന് ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടർന്നാൽ കരൾ മാറ്റിവയ്‌ക്കേണ്ടിവരുമെന്നാണ് വിവരം.
ചോദ്യം ചെയ്തപ്പോൾ ‘പോയി കേസ് കൊടുക്ക്’ എന്നാണ് മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ പ്രതികരിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















