തൃശ്ശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയതായി പരാതി. പ്രോബയോട്ടിക് മരുന്നിന് പകരം മുതിർന്നവർക്ക് നെബുലൈസർ വഴി നൽകുന്ന മരുന്നാണ് കുഞ്ഞിന് നൽകിയതെന്നാണ് ആരോപണം. മരുന്ന് കഴിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായ കുഞ്ഞ് ഇപ്പോഴും ഐസിയുവിൽ ചികിത്സയിലാണ്.
അരുൺ–അദ്രിക ദമ്പതികളുടെ പെൺകുഞ്ഞിനാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായത്. അഷ്ടമിച്ചിറയിലെ മാള ടൗൺ ബ്ലോക്ക് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറിൽ നിന്നാണ് മരുന്ന് നൽകിയതെന്നാണ് വിവരം.
സംഭവത്തിൽ കൂടുതൽ ഗുരുതരമായ ആരോപണങ്ങളും പുറത്തുവരികയാണ്. കുഞ്ഞിന് മരുന്ന് നൽകിയത് ഫാർമസിസ്റ്റ് ആയിരുന്നില്ലെന്നാണ് സൂചന. സംഭവദിവസം താൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും മരുന്ന് നൽകിയത് താനല്ലെന്നും ഫാർമസിസ്റ്റ് കുട്ടിയുടെ അമ്മയോട് പറയുന്ന ശബ്ദരേഖ ജനം ടിവിക്ക് ലഭിച്ചിട്ടുണ്ട്.














