കാസർകോഡ്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. അവധി ദിവസങ്ങളിലെ യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാനാണ് സ്പെഷ്യൽ സർവീസ്. മംഗളൂരു ജംഗ്ഷനും തിരുവനന്തപുരം നോർത്തിനും ഇടയിലാണ് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുന്നത് .
ട്രെയിൻ നമ്പർ 06041 മംഗളൂരു ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് ദ്വൈവാര സ്പെഷ്യൽ എക്സ്പ്രസ് ഓഗസ്റ്റ് 14, 16 തീയതികളിൽ (വ്യാഴം, ശനി) വൈകുന്നേരം 7.30 ന് മംഗളൂരു ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8 മണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. ട്രെയിൻ നമ്പർ 06042 തിരുവനന്തപുരം നോർത്ത് – മംഗളൂരു ജംഗ്ഷൻ ദ്വൈവാര സ്പെഷ്യൽ എക്സ്പ്രസ് ആഗസ്റ്റ് 15, 17 (വെള്ളി, ഞായർ) തീയതികളിൽ വൈകുന്നേരം 5.15 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30 ന് മംഗളൂരു ജംഗ്ഷനിൽ എത്തും.
1 ടു ടയർ എസി കോച്ച്, 2 ത്രീ ടയർ എസി കോച്ചുകൾ, 17 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 2 സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാനുകൾ എന്ന കോച്ച് ഘടനയായിരിക്കും ഈ ട്രെയിനുകളിൽ ഉണ്ടായിരിക്കുക.
കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, ശാസ്താം കോട്ട, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും. പ്രത്യേക ട്രെയിനുകളുടെ മുൻകൂർ റിസർവേഷൻ ആരംഭി ച്ചു.















