ജയ്പൂർ : ചൂണ്ടുകളിൽ പശ ഒട്ടിച്ച നിലയിൽ നവജാതശിശുവിനെ കണ്ടെത്തി. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. കന്നുകാലികളെ മേയ്‌ക്കാനെത്തിയവരാണ് കുഞ്ഞിനെ കണ്ടത്.
കരച്ചിൽ മറ്റാരും കേൾക്കാതിരിക്കാനാണ് കുഞ്ഞിനോട് ഇത്തരത്തിൽ ക്രൂരത കാട്ടിയത്. കുഞ്ഞിനെ എടുത്ത് പരിശോധിച്ചപ്പോഴാണ് വായിൽ പശ ഒട്ടിച്ചതായി മനസിലായത്. തുടർന്ന് പശ നീക്കി വായ തുറന്നപ്പോൾ ഒരു കല്ലും കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകി.
സീതാകുണ്ഡ് ക്ഷേത്രത്തിന് മുന്നിലുള്ള റോഡിനോട് ചേർന്നുള്ള കാട്ടിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശത്ത് താമസിക്കുന്നവരെ ചോദ്യം ചെയ്യും. പ്രദേശത്ത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.















