ന്യൂഡൽഹി: ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മാനേജർ സിദ്ധാർത്ഥ് ശർമയും ഇവന്റ് മാനേജർ ശ്യാംകനു മഹന്തയും അറസ്റ്റിൽ. ഡൽഹിയിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ശ്യാകുനു മെഹന്ത അറസ്റ്റിലായത്. ഗുഡ്ഗാവിലെ ഒരു അപാർട്ട്മെന്റിൽ വച്ച് സിദ്ധാർത്ഥ് ശർമയെ പിടികൂടി.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. സുബീൻ ഗാർഗിനൊപ്പം സ്കൂബ ഡ്രൈവ് ചെയ്തിരുന്ന ഡ്രമ്മർ ശേഖർ ജ്യോതി ഗോസ്വാമിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഗാർഗിന്റെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ സഹോദരൻ സന്ദ്യപൊൻ, നടി നിഷിത ഗോസ്വാമി, അമൃതപ്രഭ, ലോക്കൽ ടിവി ചാനൽ ഉടമ സഞ്ജീവ് നരെയ്ൻ എന്നിവരെ പ്രത്യേക അന്വേഷണസംഘം നേരത്തെ ചോദ്യം ചെയ്തു.
സെപ്റ്റംബർ 19-ന് സിംഗപ്പൂരിൽ വച്ചുണ്ടായ സ്കൂബ ഡ്രൈവിംഗ് അപകടത്തിൽ സുബീൻ മരണപ്പെട്ടുവെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, ലാസറസ് ദ്വീപിൽ നീന്തുന്നതിനിടെ ഗായകന് അപസ്മാരം സംഭവിച്ചതാണെന്ന് സുബീന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു. ഇതാണ് ദുരൂഹതയ്‌ക്ക് വഴിവച്ചത്. അന്വേഷണം പുരോഗമിക്കുകയാണ്.















