പ്രശസ്ത നരവംശശാസ്ത്രജ്ഞ ഡോ ജെയ്ൻ ഗുഡാൾ അന്തരിച്ചു. കാലിഫോർണിയയിൽ വെച്ചായിരുന്നു അന്ത്യം. 91 വയസായിരുന്നു. ചിമ്പാൻസികളെക്കുറിച്ചുള്ള പഠനങ്ങളിലൂടെയും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ലോകശ്രദ്ധ നേടി. ജെയ്ൻ ഗുഡാളിന്റെ തന്നെ സ്ഥാപനമായ ‘ജെയ്ൻ ഗുഡാൾ ഇൻസ്റ്റിറ്റൂട്ട്’ ആണ് മരണവിവരം പുറത്ത് വിട്ടത്.
1934 ഏപ്രിൽ മൂന്നിന് ലണ്ടനിലാണ് ജെയിൻ ഗുഡാലിന്റെ ജനനം. 1960 ജൂണിൽ തന്റെ ഇരുപത്തിയാറാം വയസിൽ ടാൻസാനിയയിലെ ഗോംബെ സ്ട്രീം നാഷണൽ പാർക്കിൽ പ്രവേശിച്ച ഗുഡാൾ പിന്നീട് 20 വർഷത്തോളം കൊടുംകാടിനുള്ളിൽ വസിച്ചു. ചിമ്പാൻസികൂട്ടത്തോടൊപ്പം പാർത്ത് അവയുടെ പെരുമാറ്റരീതികളും പ്രകടനങ്ങളുമൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ചു. ചിമ്പാൻസികളുടെ സാമൂഹിക പെരുമാറ്റത്തെക്കുറിച്ചായിരുന്നു പഠനം.
ആഫ്രിക്കയിലെ ചിമ്പാൻസികൾക്കിടയിലെ വ്യത്യസ്ത പെരുമാറ്റങ്ങളും ആശയവിനിമയവും മനുഷ്യരുമായി സമ്യമുള്ളതായി ഗുഡാൽ പഠനത്തിലൂടെ കണ്ടെത്തി. ചിമ്പാൻസികളോട് സ്നേഹത്തിന്റെ ഭാഷയായിലായിരുന്നു ഗുഡാലും ആശയവിനിമയം നടത്തിയത്.
1963-ൽ നാഷണൽ ജിയോഗ്രാഫിയിലൂടെ ഗുഡാൽ തന്റെ നിർണായക കണ്ടെത്തലുകൾ പങ്കുവച്ചു. തുടർന്ന് പ്രൈമേറ്റോളജിയിലും നരവംശശാസ്ത്രത്തിലും തന്നെ വഴിതിരിവായി ഗുഡാലിന്റെ കണ്ടെത്തലുകൾ മാറി. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും മുൻപന്തിയിലായിരുന്നു ഗുഡാൽ. 1977-ൽ ജെയ്ൻ ഗുഡാൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ഗവേഷണങ്ങളിലൂടെ നിരവധി ബഹുമതികൾ ഗുഡാലിനെ തേടിയെത്തി.
ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, ടാൻസാനിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്ന് ഉന്നത സിവിലിയൻ ബഹുമതികൾ കരസ്ഥമാക്കി. 2002-ൽ ഐക്യരാഷ്‌ട്രസഭയുടെ ‘മെസഞ്ചർ ഓഫ് പീസ്’ആയി ഗുഡാലിനെ തെരഞ്ഞെടുക്കപ്പെട്ടു. 2021-ൽ ടെമ്പിൾട്ടൺ പുരസ്കാരം നേടി. 2025-ൽ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി അമേരിക്ക ആദരിച്ചു. ഗുഡാലിന്റെ വിയോഗത്തിൽ ലോക നേതാക്കളും അന്താരാഷ്‌ട്ര സംഘടനകളും അനുശോചനം രേഖപ്പെടുത്തി. ഗുഡാലിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നയി ഐക്യരാഷ്‌ട്രസഭയും അറിയിച്ചു.















