ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിന് മുൻപ് ഭീകരൻ ഉമർ നബി മസ്ജിദിൽ നിന്ന് ഇറങ്ങി വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഫസൽ ഇലാഹി മസ്ജിദിൽ നിന്ന് ചാവേറായ ഉമർ ഇറങ്ങി വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓൾഡ് ഡൽഹിയിലെ രാംലീല മൈതാനത്തിന് സമീപമാണ് പള്ളി സ്ഥിതിചെയ്യുന്നത്.
പത്ത് മിനിറ്റിലധികം ഇയാൾ പള്ളിയിൽ ചെലവഴിച്ചു. രണ്ടരയോടെ ഇവിടെ നിന്നും പുറത്തിറങ്ങി കാറുമായി ചെങ്കോട്ടയിലേക്ക് പോകുകയായിരുന്നു. ഭീകരാക്രമണത്തിന് എതാനും മണിക്കൂറുകൾക്ക് മുൻപുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
അതേസമയം, സ്ഫോടനത്തിന് തലേന്ന് ഉമർ നബി ഉറങ്ങിയത് ധാബയിലാണെന്ന് നിഗമനം. ഉമറിന്റെ ഫരീദാബാദിലെ വസതി, അൽ-ഫലാഹ് സർവകലാശാലയിലെ ഓഫീസ് മുറി, ജമ്മു കശ്മീരിലെ പുൽവാമയിലെ സ്വത്തുക്കൾ എന്നിവ സുരക്ഷാ ഏജൻസികൾ സീൽ ചെയ്തിരിക്കുകയാണ്.
ഭീകരാക്രണം നടത്താൻ 20 ലക്ഷത്തോളം രൂപ ഡോക്ടർമാർ സ്വരൂപിച്ചിരുന്നു എന്നും റിപ്പോർട്ടുണ്ട്. രാജ്യത്ത് 32 ഇടങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടത്. ഇതിനായി പഴയ കാറുകൾ വാങ്ങാനാണ് പണം സമാഹരിച്ചത്. ഇതിൽ മൂന്ന് ലക്ഷം രൂപയ്‌ക്ക് 20 കിന്റലോളം എൻപികെ രാസവളം വാങ്ങിയിരുന്നു. ഐഇഡി സ്ഫോടനമായിരുന്നു സംഘം ആസൂത്രണം ചെയ്തിരുന്നത് എന്നുമാണ് പുറത്തുവരുന്ന വിവരം.















