ന്യൂഡൽഹി: തുടർച്ചയായ പരാജയങ്ങളിൽ രാഹുലിനും ഹൈക്കമാൻഡിനെതിരെ പരസ്യ വിമർശനവുമായി കൂടുതൽ നേതാക്കൾ രംഗത്ത്. അധികാരം ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിച്ചതാണ് ആവർത്തിച്ചുള്ള തോൽവിക്ക് കാരണമെന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേൽ തുറന്നടിച്ചു.
ഇത്തരം നേതാക്കൾ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും യാഥാർത്ഥ്യങ്ങളിൽ നിന്നും ഒളിച്ചോടിയിരിക്കുകയാണ്. അവർ തന്നെ വീണ്ടും അതേ സ്ഥാനത്ത് തന്നെ തുടരും. കാരണം അവർ സ്വയം ഒഴിച്ചുകൂടാനാവാത്തവരായി കരുതുന്നു. ഇനിയും പ്രവർത്തകർ കാത്തിരിക്കുമെന്ന് തോന്നുന്നുണ്ടോയെന്നും മുതാംസ് പട്ടേൽ ചോദിച്ചു. മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടോ ഒഴിവുകഴിവ് പറഞ്ഞിട്ടോ കാര്യമില്ല. ആത്മപരിശോധന നടത്താനും യാഥാർത്ഥ്യം അംഗീകരിക്കാനുമുള്ള സമയമാണിതെന്നും മുംതാസ് പട്ടേൽ പറഞ്ഞു
ഹരിയാനയിലും മഹാരാഷ്ട്രയിലുമുണ്ടായ കനത്ത തോൽവിക്ക് ശേഷമാണ് ബിഹാറിലും പാർട്ടി ഒറ്റ അക്കത്തിൽ ഒതുങ്ങിയത്. ഇതേ സ്ഥിതി തുടർന്നാൽ കോൺഗ്രസിന് അധികനാൾ ഇല്ലെന്ന് നേതാക്കൾ തന്നെ പരസ്യമായി സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം എംപി ശശി തരൂരും നേതൃത്വത്തെ വിമർശിച്ചിരുന്നു. മുതിർന്ന നേതാവ് ദിഗ്വിജയ സിംഗ്, കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടക്കമുള്ള നിരവധി നേതാക്കൾ രാഹുലിനെതിരെ എതിരെ രംഗത്ത് വന്നിട്ടുണ്ട്.















