ശ്രീനഗർ: പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ കാൽ നഷ്ടപ്പെട്ട പശുക്കുട്ടിക്ക് കൃത്രിമ കാൽ ഘടിപ്പിച്ചു. ഒന്നരവയസുകാരി ‘ഗൗരി’ എന്ന പശുക്കുട്ടിക്കാണ് പുതിയ കാൽ ഘടിപ്പിച്ചത്.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ ഷെല്ലാക്രമണത്തിലാണ് ചായ വിൽപ്പനക്കാരനായ രാജേഷിന്റെ പശുക്കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. ആർഎസ് പുരയിലെ ഫത്തേപൂർ സമരിയ പോസ്റ്റിന് സമീപമാണ് ഇവർ താമസിക്കുന്നത്.
പ്രശസ്ത മൃഗഡോക്ടർ തപേഷ് മാത്തൂറാണ് കൃത്രിമ കാൽ വികസിപ്പിച്ചത്. പരിക്കേറ്റ ഗൗരിയെ ചികിത്സിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ‘കൃഷ്ണ ലിംഫ്’ എന്നാണ് ഈ കൃത്രിമ കാലിനെ വിളിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഗവേഷണത്തിനൊടുവിലാണ് കൃഷ്ണ ലിംഫ് വികസിപ്പിച്ചത്. പശുക്കൾ, കുതിരകൾ, എരുമകൾ, ആടുകൾ, പക്ഷികൾ എന്നിവയിലുൾപ്പടെ 500 ലധികം മൃഗങ്ങളിൽ ഇത് വിജയകരമായി ഘടിപ്പിച്ചിട്ടുണ്ട്















