ഷൊര്‍ണൂര്‍: മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ ടിക്കറ്റ് പരിശോധകനും (ടി.ടി.ഇ.) യാത്രക്കാരിയും തമ്മിലുണ്ടായ തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു. സംഭവത്തില്‍ ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് കേസെടുത്തു. പാലക്കാട് ഡിവിഷനിലെ ഷൊര്‍ണൂര്‍ ടീമിലെ ടിക്കറ്റ് പരിശോധകനായ എസ്. സുജിത്ത് (38) ആണ് പട്ടിത്തറ സ്വദേശിനി ശ്രുതി (30)ക്കെതിരെ പരാതി നല്‍കിയത്.
തിങ്കളാഴ്ച വൈകിട്ട് ഫറോക്ക് സ്റ്റേഷനില്‍ നിന്നാണ് സംഭവം ആരംഭിച്ചത്. ഫറോക്കില്‍ നിന്ന് കുറ്റിപ്പുറത്തേക്കുള്ള ജനറല്‍ ടിക്കറ്റ് എടുത്തിരുന്ന യുവതി റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തതായി കണ്ടെത്തിയ ടി.ടി.ഇ., ജനറല്‍ കോച്ചിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ യുവതി തന്നെ മര്‍ദിച്ചെന്നാണ് ടി.ടി.ഇ.യുടെ പരാതി.
ജോലി നിര്‍വഹിക്കുന്നത് തടസ്സപ്പെടുത്തുകയും മുഖത്ത് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം, ടി.ടി.ഇ. തന്നെയാണ് അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതെന്ന് ശ്രുതിയും പോലീസില്‍ പരാതി നല്‍കി. സ്വയംരക്ഷയ്‌ക്കായാണ് ടി.ടി.ഇ.യുടെ മുഖത്ത് പിടിച്ച് തള്ളിയതെന്നും യുവതി മൊഴി നല്‍കി.
സംഭവത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. ടി.ടി.ഇ. സുജിത്തിന്റെ മുഖത്തും കഴുത്തിലും പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഇരുവരുടെയും പരാതികളില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.















