തിരുവനന്തപുരം: 16 കാരനെ ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിൽ ചേരാൻ അമ്മയും രണ്ടാനച്ഛനും പ്രേരിപ്പെച്ചെന്ന യുഎപിഎ കേസ് എൻഐഎക്ക് കൈമാറും. ഇതിനായി ഡിജിപി സംസ്ഥാന സർക്കാരിന് ശുപാർശ ചെയ്യും. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ കേസ് നിലവിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ആണ് അന്വേഷിക്കുന്നത്. യുഎപിഎ കേസായതിനാൽ എൻഐഎ പ്രാഥമിക അന്വേഷണം ഇതിനോടകം തുടങ്ങിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ കുടുംബ പ്രശ്നമാണോ കുട്ടിയുടെ മൊഴിക്ക് പിന്നിലെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. വിശദമായ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു മതമാറ്റിയിരുന്നു. പിന്നാലെയാണ് യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ISISൽ ചേരാൻ പ്രേരിപ്പിച്ചത്. യുകെയിൽ താമസിക്കുന്നതിനിടെയാണ് സംഭവം. ഇതിന് വിസമ്മതിച്ചതോടെ കുട്ടിയെ നാട്ടിലേക്ക് തിരിച്ചയച്ചു.
കുട്ടിയുടെ അമ്മയുടെ സുഹൃത്തും എന്‍ഐഎ കേസിലെ പ്രതിയുമായ ആളുടെ ഇടപെടലും സംശയാസ്പദമാണ്. കനകമല ഗൂഢാലോചന കേസിലെ പ്രതിയാണ് യുകെയിൽ നിന്നും തിരിച്ചെത്തിയ കുട്ടിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ഇയാളാണ് പിന്നീട് ആറ്റിങ്ങലിലെ മതപാഠശാലയിൽ കുട്ടിയെ എത്തിച്ചത്. കാലങ്ങളോളം ഇയാളുടെ സംരക്ഷണയിലായിരുന്നു കുട്ടി.
ഇയാളെ കുറിച്ചും കുട്ടിയുടെ മൊഴിയിലുണ്ട്. യുക്രെയിനിൽ നിന്നും യുകെയിലേക്ക് കൂടിയേറി പാർത്ത ഒരാളെ കുറിച്ചും കുട്ടി മൊഴി നൽകിയിട്ടുണ്ട്. എൻഐഎ കേസിലെ പ്രതികളുടെ സാന്നിധ്യവും വിദേശ ബന്ധങ്ങളുമുള്ളതിനാൽ രാജ്യന്തര അന്വേഷണം വേണമെന്ന് പൊലീസ് സർക്കാരിനെ അറിച്ചിട്ടുണ്ട്.















