ന്യൂഡൽഹി: പഞ്ചാബി ഗായകൻ സിദ്ദു മുസാവാലയുടെയും രാഷ്‌ട്രീയ നേതാവ് ബാബ സിദ്ദിഖിയുടെയും കൊലപാതകത്തിലെ പ്രധാന ആസൂത്രകനും ലോറൻസ് ബിഷ്ണോയിയുടെ സഹോദരനുമായ അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലെത്തിച്ചു. യുഎസിൽ നിന്ന് നാടുകടത്തുപ്പെട്ട് ഡൽഹി വിമാനത്താവളത്തിലെത്തിയ അൻമോലിനെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തു.
അൻമോലിനെ പട്യാല കോടതിയിൽ ഹാജരാക്കും. യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട 200 ഓളം ആളുകളുള്ള പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് അൻമോലിനെ എത്തിച്ചത്. കുപ്രസിദ്ധ ഗുണ്ടാസംഘമായ ബിഷ്ണോയിയുമായി അൻമോലിന് ഇപ്പോഴും ബന്ധമുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുണ്ടാസംഘം ഗോൾഡി ബ്രാറിനെയും അൻമോൽ സഹായിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അൻമോൽ ബിഷ്ണോയിയെ യുഎസിൽ നിന്ന് നാടുകടത്തിയത്. 2024-ൽ അനധികൃതമായി യുഎസിലെത്തിയ അൻമോലിനെ അന്വേഷണസംഘം പിടികൂടി. ഡിഎൻഎ, ശബ്ദ സാമ്പിൾ എന്നീ പരിശോധനകളിലൂടെ അൻമോലാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.















