തിരുവനന്തപുരം: ചിറയിൻകീഴ് പുതുക്കരിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം. വീട് തീവച്ച് നശിപ്പിക്കാൻ ശ്രമിച്ചതായാണ് വിവരം. ചിറയിൻകീഴ് പഞ്ചായത്തിലെ പതിനേഴാം വാർഡായ പണ്ടകശാലയിലെ ബിജെപി സ്ഥാനാർത്ഥിയായ ടിന്റു വി വിജയന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനലും വാതിലും തീവയ്‌ക്കുകയായിരുന്നു.
പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് ജനലിലും വാതിലിലും മണ്ണെണ്ണയൊഴിച്ച് തീവച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കാനാരിക്കെയാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
വീടിന്റെ പിൻഭാഗത്തിലൂടെ എത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സംഭവസമയത്ത് ടിന്റുവും കുടുംബവും ഉറങ്ങിക്കിടക്കുകയായിരുന്നു. രാവിലെ ഉണർന്നപ്പോഴാണ് തീവച്ച കാര്യം അറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. പരിസരത്ത് നിന്നും മണ്ണെണ്ണക്കുപ്പി ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.















