ന്യൂഡൽഹി: അഫ്ഗാനിസ്ഥാനുമായുള്ള വ്യോമചരക്ക് സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ. അഫ്ഗാൻ വ്യാപാരമന്ത്രി അൽ ഹാജ് നൂറുദ്ദീൻ അസീസിയുടെ ഡൽഹി സന്ദർശനവേളയിലാണ് പ്രഖ്യാപനമുണ്ടായത്. കാബൂൾ-ഡൽഹി, കാബൂൾ -അമൃത്സർ റൂട്ടുകളിലെ വ്യോമചരക്ക് സർവീസുകളാണ് പുനരാരംഭിക്കുന്നത്. വീണ്ടും ചരക്ക് ഇടനാഴി സജീവമാക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമ ചരക്ക് വീണ്ടും ആരംഭിക്കുമെന്നും ഈ മേഖലയിലെ ചരക്ക് വിമാനങ്ങളുടെ സർവീസ് ഉടനടി ആരംഭിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ ഇടനാഴി വീണ്ടും സജീവമാക്കുന്നതിന് വേണ്ട നടപടികൾ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യുമെന്നാണ് നിഗമനം.
അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് താലിബാൻ മന്ത്രി അസീസി ഇന്ത്യയിലെത്തിയത്. തുടർന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെ കേന്ദ്രീകരിച്ച് ഇരുനേതാക്കളും ചർച്ച നടത്തി.
സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനും വികസന സംരംഭങ്ങൾ സുഗമമാക്കുന്നതിനുമുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു. അഫ്ഗാൻ ജനതയുടെ ക്ഷേമത്തിനും വികസനത്തിനും ഇന്ത്യയുടെ തുടർച്ചയായ പിന്തുണ ആവർത്തിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.















