തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കതിരെ കേസെടുത്തു. തിരുവനന്തപുരം വലിയമല സ്റ്റേഷനിലാണ് എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങൾ പ്രകാരം ഗുരുതര വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഗർഭഛിദ്രത്തിന് സഹായിച്ച രാഹുൽ മാങ്കൂട്ടത്തിന്റെ സുഹൃത്തും കേസിൽ പ്രതിയാണ്.
ഇന്നലെ യുവതിയുടെ മൊഴി വിശദമായി പൊലീസ് രേഖപ്പെടുത്തിയിരുന്നു. രാഹുലിനെതിരെയുള്ള ഡിജിറ്റൽ തെളിവുകളും മറ്റ് രേഖകളും യുവതി പൊലീസിന് കൈമാറിയിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ രാഹുൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയെന്നാണ് സൂചന. രാഹുൽ എവിടെയാണെന്ന് കണ്ടെത്താൽ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, രാഹുൽ മുൻകൂർ ജാമ്യം തേടാനുള്ള ശ്രമം തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. പ്രമുഖ അഭിഭാഷകൻ മുഖേന ഹൈക്കോടതിയിലായിരിക്കും ജാമ്യപേക്ഷ സമർപ്പിക്കുക.















