കൊല്ലം: അഞ്ചലിൽ ബധിരയും മൂകയുമായ പതിമൂന്നുകാരിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. അലയമൺ സ്വദേശി വിനീതാണ് അറസ്റ്റിലായത്. 2021ൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ അറസ്റ്റിലായിരുന്നു.
ഇക്കഴിഞ്ഞ 19ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീടിന് സമീപത്ത് എത്തിയ ഓട്ടോ ഡ്രൈവറായ വിനീത് മുൾവേലി ചാടിക്കടന്ന് വീടിനുള്ളിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ കടന്നു പിടിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. കുതറി മാറിയ പെൺകുട്ടി വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ വീട്ടുകാരാണ് അഞ്ചൽ പൊലീസിൽ പരാതി നൽകിയത്.
സംഭവ സ്ഥലത്ത് നിന്നും ലഭിച്ച ചെരുപ്പ് പ്രതിയെ കണ്ടെത്താൻ പൊലീസിന് സഹായകമായി. ഓയൂർ ചെങ്കുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















