തിരുവനന്തപുരം: കടുവ സെൻസസിനിടെ ബോണക്കാട് ഉൾവനത്തിൽ കാണാതായ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെയും കണ്ടെത്തി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇക്കാര്യം അറിയിച്ചത്. ബോണക്കാടുള്ള ഈരാറ്റുമുക്ക് മേഖലയിലാണ് സംഘമുള്ളത്. മൂന്നുപേരും സുരക്ഷിതരാണെന്നും ഉൾവനത്തിൽ നിന്നും ക്യാമ്പ് ഷെഡ്ഡിലേക്ക് നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെയാണ് പാലോട് റെയ്ഞ്ചിലെ ഫോറസ്റ്റ് ഓഫീസർ വിനീത, ബിറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ്, വാച്ചർ രാജേഷ് എന്നിവർ കടുവകളുടെ എണ്ണമെടുക്കാൻ ഉൾവനത്തിലേക്ക് പോയത്. വൈകുന്നരത്തോടെ സംഘവുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ബന്ധപ്പെടാൻ സാധിക്കാതായതോടെ വനം വകുപ്പ് തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഇവരുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.
രാജ്യമൊട്ടാകെ കടുവകളുടെ സെൻസസ് നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തും കടുവകളുടെ എണ്ണമെടുക്കുന്നത്. രണ്ട് ദിവസത്തെ സംഘത്തിന് ഉൾവനത്തെ കുറിച്ച് നല്ല ധാരണയുണ്ടെന്നും വഴി തെറ്റി പോയതാകാനാണ് സാധ്യതയെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.















