കൊച്ചി: യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ജാമ്യഹർജി ഈ മാസം 15ന് പരിഗണിക്കും. സെഷൻസ് കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ തനിക്കെതിരേയുള്ള കേസുകൾ നിയമപരമായി നിലനിൽക്കില്ലെന്ന് രാഹുൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിർബന്ധിത ഗർഭച്ഛിദ്രം എന്ന ആരോപണം കേസിന്റെ വസ്തുതകൾ വഴിതെറ്റിക്കാനുള്ള പൊലീസിന്റെ ശ്രമമാണ്. അതു തെളിയിക്കാനുള്ള രേഖകൾ കൈവശമുണ്ടെന്നുമാണ് രാഹുലിന്റെ ഹർജിയിൽ പറയുന്നത്.















