മലയാള സിനിമാലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. എട്ട് വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് കേസിൽ വിധി വന്നത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. ഗൂഢാലോചനക്കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്. തെളിവുകളുടെ അഭാവത്തിൽ കോടതി താരത്തെ വെറുതെവിട്ടു. കോടതിവിധിക്ക് പിന്നാലെ ആഘോഷങ്ങളുമായി ആരാധകരും രംഗത്തെത്തി. കോടതി പരിസരത്തും ദിലീപിന്റെ വീടിന് മുന്നിലും ആരാധകർ കേക്കും ലഡ്ഡുവും വിതരണം ചെയ്തു.
കോടതിക്കുള്ളിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിനെ വൻ ആരാവത്തോടെയും ആഹ്ലാദപ്രകനത്തോടെയുമാണ് ആരാധകർ സ്വീകരിച്ചത്. വിധി കാത്ത് രാവിലെ മുതൽ തന്നെ കോടതി പരിസരത്ത് ആരാധകർ തിങ്ങിനിറഞ്ഞിരുന്നു. വീടിന് മുന്നിൽ കേക്ക് മുറിച്ചാണ് ആരാധകർ വിധിയെ സ്വാഗതം ചെയ്തത്. കാവ്യയുടെയും ദിലീപിന്റെയും ചിത്രം പതിപ്പിച്ച കേക്ക് മുറിച്ചായിരുന്നു ആരാധകരുടെ ആഘോഷം.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്ഥാവിച്ചത്. ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്നും തെളിവുകൾ നിരത്താനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിവിധിക്ക് ശേഷം പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചത്. തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് ദിലീപ് ആരോപിച്ചു. മുൻ ഭാര്യ മഞ്ജുവാര്യരെ കുറിച്ചും ദിലീപ് പരാമർശിച്ചു.















