ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ രണ്ട് കശ്മീരി യുവാക്കൾ അറസ്റ്റിൽ. കുപ്വാര സ്വദേശികളായ നസീർ അഹമ്മദ്, സാബിർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. അരുണാചൽ പ്രദേശിൽ നിന്ന് ഇവരെ പിടികൂടി. വസ്ത്ര വിൽപ്പനക്കാരായി വേഷംമാറിയാണ് ഇരുവരും ചാരവൃത്തി നടത്തിയത്. നസീറിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സാബിറിലേക്ക് അന്വേഷണം കടന്നത്.
വസ്ത്രവ്യാപാരികളായി വേഷം മാറി സംസ്ഥാനത്തുടനീളം യുവാക്കൾ സഞ്ചരിച്ചിരുന്നു. അരുണാചൽപ്രദേശിലെ സൈനിക നീക്കത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഇവർ നിരീക്ഷിക്കുകയും ഇവ ടെലിഗ്രാം വഴി പാക് ഹാൻഡ്ലർമാരുമായി പങ്കുവക്കുകയും ചെയ്തു. പലപ്പോഴായി ഇവർ അരുണാചൽ പ്രദേശ് സന്ദർശിച്ചിരുന്നു.
പാകിസ്ഥാനിലെ ചാരസംഘടനകളുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. കിബിത്തോ, അനിനി, തേസു എന്നിവിടങ്ങളിൽ പ്രതികൾ സഞ്ചരിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ വിവരങ്ങൾ ഇവർ പാകിസ്ഥാന് കൈമാറിയിരുന്നു. എന്തൊക്കെ വിവരങ്ങൾ ശേഖരിക്കണം എന്നതിനെ കുറിച്ച് പാകിസ്ഥാൻ ഇവരെ അറിയിച്ചിരുന്നു. ഈ നിർദേശപ്രകാരമായിരുന്നു പ്രതികളുടെ നീക്കങ്ങൾ.
ചാരവൃത്തിക്കായി പാകിസ്ഥാൻ തന്നെ റിക്രൂട്ട് ചെയ്തിരുന്നതായി നസീർ പൊലീസിനോട് പറഞ്ഞു. അൽ അഖ്സ എന്ന രഹസ്യ ഏജൻസിയുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ ഏജൻസികളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.















