എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി ഇന്ന്. നടിയെ അപമാനിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത ആറ് പ്രതികൾക്കാണ് ശിക്ഷ വിധിക്കുന്നത്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിക്കും.
കൂട്ടബലാത്സംഗം ഉൾപ്പെടയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. ആദ്യ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. എൻ.എസ് സുനിൽ, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലീം, പ്രദീപ് എന്നിവരെയാണ് ശിക്ഷിക്കുക. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ജീവപര്യന്തം തടവോ 20 വർഷം കഠിനതടവോ ശിക്ഷ ലഭിച്ചേക്കാം. കുറ്റവിമുക്തനായ ദിലീപ് കോടതിയിൽ ഹാജരാകേണ്ടതില്ല. ഉത്തരവ് പുറത്തുവന്നതിന് ശേഷം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമെന്നാണ് വിവരം.















