കോട്ടയം: കാമുകിക്ക് മെസേജ് അയച്ചെന്ന കാരണത്താൽ യുവാവിനെ സുഹൃത്ത് കുത്തികൊലപ്പെടുത്തി. കോട്ടയം പാലയിലാണ് കൊലപാതകം നടന്നത്. ആലപ്പുഴ സ്വദേശിയായ വിപിനാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബിനീഷിന്റെ കാമുകിക്ക് കൊല്ലപ്പെട്ട വിപിൻ മെസേജ് അയച്ചിരുന്നു. ഇത് ബിനീഷ് അറിഞ്ഞതാണ് കൊലപാതക കാരണം.
ആദ്യം മദ്യലഹരിയിലുള്ള കൊലപാതകം എന്നായിരുന്നു പൊലീസ് നൽകിയ വിശദീകരണം. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് അരും കൊലയുടെ കാരണം വ്യക്തമായത്.
ആലപ്പുഴ സ്വദേശികളാണ് ബിനീഷും വിപിനും. വെൽഡിംഗ് തൊഴിലാളികളായ ഇവർ ഒന്നരമാസമായി വിട് വാടകയ്‌ക്കെടുത്ത് പാലയിലാണ് താമസം. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്ന സമയത്ത് കാമുകിക്ക് മെസേജ് അയച്ച കാര്യം വിപിൻ ബിനീഷിനോട് പറയുകയായിരുന്നു. ഇതോടെ ബിനീഷ് കറിക്കത്തി ഉപയോഗിച്ച് വിപിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിപിനെ വീട്ടിൽ നിന്നും 100 മീറ്റർ അകലെയുള്ള റോഡിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















