തിരുവനന്തപുരം: തദ്ദേശീയ തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക് പിന്തുണ നൽകിയ ജനങ്ങൾക്ക് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരള രാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ബിജെപിയുടേതെന്നും ബിജെപി മുന്നോട്ടുവച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
“കേരളത്തിലെ ജനങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ബിജെപി/എൻഡിഎയ്‌ക്കുള്ള നിങ്ങളുടെ പിന്തുണയും വികസിത കേരളം എന്ന കാഴ്‌ചപാടിലുള്ള ഉറച്ച വിശ്വാസവും എന്നെ കൂടുതൽ വിനയാന്വിതനാക്കുകയാണ്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സന്ദേശം വ്യക്തമാണ്. അഴിമതിരഹിതവും ഉത്തരവാദിത്തമുള്ളതുമായ ഭരണവും വികസനവുമാണ് മലയാളികൾ ആഗ്രഹിക്കുന്നത്.
പതിറ്റാണ്ടുകളായി ആവർത്തിക്കുന്ന ഇടത്-വലത് പാർട്ടികളുടെ കഴിവുകെട്ട അഴിമതി രാഷ്ട്രീയത്തിൽ നിന്ന് മാറി സഞ്ചരിക്കാൻ അവർ തയാറായിക്കഴിഞ്ഞു. യഥാർത്ഥ വികസനവും എല്ലാ മലയാളികൾക്കും മെച്ചപ്പെട്ട ഭാവിയും ഉറപ്പാക്കാൻ ബിജെപി/എൻഡിഎയ്‌ക്ക് മാത്രമേ കഴിയൂ. ജനങ്ങളുടെ ഈ ഉറച്ച വിശ്വാസത്തെയാണ് കേരളത്തിലുടനീളമുള്ള ഞങ്ങളുടെ മികച്ച പ്രകടനം, പ്രതിഫലിപ്പിക്കുന്നത്. ഈ മാറ്റത്തിൽ വിശ്വാസമർപ്പിച്ച ഓരോ വോട്ടറോടും എനിക്ക് നന്ദിയുണ്ട്. ഒപ്പം അച്ചടക്കവും അർപ്പണബോധവുമുള്ള അക്ഷീണ പ്രയത്നത്തിലൂടെ ഈ വിജയം സാധ്യമാക്കിയ ഓരോ ബിജെപി/എൻഡിഎ പ്രവർത്തകനോടും ഞാൻ കടപ്പെട്ടിരിക്കുന്നു.
ഈ വിശ്വാസം ഞങ്ങളുടെ നിശ്ചയദാർഢ്യത്തിന് കരുത്ത് പകരുകയാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ കൂടുതൽ കഠിനാധ്വാനത്തോടെ മുന്നേറും. ഞങ്ങൾ ഉത്തരവാദിത്തത്തോടെ നിലകൊള്ളും. ഞങ്ങൾ വാഗ്ദാനങ്ങൾ പാലിക്കും. കൂടെ ഉണ്ടാവും ഞങ്ങൾ. മാറാത്തത് ഇനി മാറും”- രാജീവ് ചന്ദ്രശേഖർ കുറിച്ചു.















