ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി. ഇന്ത്യൻ എംബസി അക്രമിക്കുമെന്ന് ബംഗ്ലാദേശ് നേതാക്കൾ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ നടപടി കടുപ്പിച്ചത്. ധാക്കയിലെ ജമുന ഫ്യൂച്ചർ പാർക്കിലാണ് വിസ അപേക്ഷാ കേന്ദ്രം പ്രവർത്തിക്കുന്നത്.
1971-ലെ പാകിസ്ഥാനുമായുള്ള വിമോചന യുദ്ധത്തിന്റെ 54-ാം വാർഷികമായ വിജയ് ദിവസ് ന്ത്യ ആഘോഷിച്ചതിന് പിന്നാലെയായിരുന്നു ഭീഷണി. കൂടാതെ ഇന്ത്യയിൽ നിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വേർപ്പെടുത്തുമെന്നും ബംഗ്ലാദേശിലെ എൻസിപി നേതാവ് ഹസ്നത്ത് അബ്ദുള്ളയുടെ ഭീഷണി മുഴക്കിയിരുന്നു.
കഴിഞ്ഞ ദിവസം ബംഗ്ലാദേശ് സ്ഥാനപതി റിയാസ് ഹമീദുള്ളയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ധാക്കയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന് ചുറ്റും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പദ്ധതിയിലുള്ള ആശങ്കയും ഇന്ത്യ അറിയിച്ചിരുന്നു. ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങളുടെ സുരക്ഷ ഇടക്കാല സർക്കാർ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ നിയന്ത്രണത്തിലായതോടെ മതമൗലിക ഗ്രൂപ്പുകൾ ഭരണത്തിൽ നേരിട്ട് ഇടപെടുന്ന സ്ഥിതിയാണ്. ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രസംഘടനകൾ പാകിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ്. ശക്തമായ നയതന്ത്ര ബന്ധം നിലനിന്നിരുന്ന രാജ്യങ്ങൾ തമ്മിൽ ബന്ധം വഷളാകാനുള്ള പ്രധാന കാരണവും ഇത്തരം ഇടപെടലുകളാണ്.
ബംഗ്ലാദേശിൽ അടിക്കടിയുണ്ടാകുന്ന ഇന്ത്യ വിരുദ്ധ സംഭവങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഇടക്കാല സർക്കാർ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം വിഷയത്തിൽ ഇന്ത്യയ്‌ക്കുള്ള ആശങ്കയും പ്രതിഷേധവും ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.















