ആലപ്പുഴ: മുസ്ലീംലീഗിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ ഏറ്റവും വലിയ വർഗീയവാദിയാണ് താൻ എന്നാണ് ലീഗിലെ ചില നേതാക്കൾ പ്രചരിപ്പിക്കുന്നത്. തന്നെ ദേശീയവാദി എന്ന് പറഞ്ഞ് കൊണ്ടുനടന്ന ഒരു കാലഘട്ടവും ഇവർക്കുണ്ടായിരുന്നു.
മത സൗഹാർദ്ദം തകർത്ത് മതവിദ്വേഷം പകർത്തുന്ന പാർട്ടിയാണ് ലീഗ്. മാറാട് കലാപം ഉണ്ടായത് അവരുടെ ഭരണ കാലത്തല്ലേ. മുസ്ലിം ലീഗ് വെറും മലപ്പുറം പാർട്ടി മാത്രമാണ്. വിശ്വസിക്കാൻ പറ്റാത്തതുകൊണ്ടാണ് ലീഗ് നിയന്ത്രിക്കുന്ന യുഡിഎഫിനെ സഹായിക്കാത്തത്.
മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടം ഞങ്ങൾക്ക് ഉണ്ടോ? എന്റെ സമുദായത്തിന്റെ ദുഃഖം ഞാൻ പറഞ്ഞു പോയി . മുസ്ലിം സംഘടനകൾ എല്ലാം എനിക്ക് എതിരേ പ്രമേയം പാസാക്കി, ലീഗിന്റെ പത്രം എഡിറ്റോറിയൽ എഴുതി എന്നെയും യോഗത്തേയും മുസ്ലിം വിരോധിയാക്കി. ഞാൻ മുസ്ലിം വിരുദ്ധനല്ല. പക്ഷേ, സമുദായത്തിനെതിരേ പ്രവർത്തിക്കുമ്പോൾ വിമർശിക്കും, വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.















