ധാക്ക: മതമൗലികവാദികൾ അഴിഞ്ഞാടുന്ന ബംഗ്ലാദേശിൽ വീണ്ടും രാഷ്‌ട്രീയ നേതാവിന് നേരെ അജ്ഞാതരുടെ ആക്രമണം. ബംഗ്ലാദേശിൽ പുതുതായി രൂപീകരിച്ച നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ നേതാവായ മുഹമ്മദ് മൊട്ടാലെബ് സിക്ദറിനാണ് വെടിയേറ്റത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പലായനം ചെയ്തതിനുശേഷമാണ് പാർട്ടി രൂപീകൃതമായത്. ഇയാളുടെ പശ്ചാത്തലം പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസം മരിച്ച ഇന്ത്യാ വിരുദ്ധനായ മതമൗലികാവാദി നേതാവ് ഒസ്മാൻ ബിൻ ഹാദിയുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും വ്യക്തമല്ല.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12:00 മണിയോടെയാണ് സംഭവം. ഖുൽനയിലെ വീടിന് സമീപത്ത് വെച്ച് “അജ്ഞാതരായ തോക്കുധാരികളുടെ” ആക്രമണത്തിൽ സിക്ദറിനെ ഗുരുതരമായി പരിക്കേറ്റെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിൽ (കെഎംസിഎച്ച്) പ്രവേശിപ്പിച്ചു. എൻസിപിയുടെ ഖുൽന ഡിവിഷണൽ മേധാവിയും പാർട്ടിയുടെ തൊഴിലാളി വിഭാഗമായ ശ്രമിക് ശക്തിയുടെ കേന്ദ്ര സംഘാടകനുമായിരുന്നു സിക്ദർ.
ഒസ്മാൻ ബിൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ സംഘർഷം രൂക്ഷമാണ്. തലസ്ഥാനമായ ധാക്കയിൽ ഇടക്കാല സർക്കാരിന്റെ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ക്രമസമാധാന യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് അജ്ഞാതരുടെ ആക്രമണം.















