സംസ്ഥാനത്ത് ഇതാദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില ഒരുലക്ഷം കടന്നു. 1,01,600 രൂപയാണ് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില. ഒരൊറ്റ ദിവസംകൊണ്ട് 1,760 രൂപയാണ് കൂടിയത്. ഗ്രാമിന്റെ വിലയാകട്ടെ 12,700 രൂപയായി. അതായത് പണിക്കൂലി, നികുതി, ഹാൾമാർക്കിംഗ് ചാർജുകൾ ഉൾപ്പെടെ കുറഞ്ഞത് 1,100,00 രൂപയെങ്കിലും ഒരു പവൻ സ്വർണാഭരണത്തിന് നൽകേണ്ടി വരും.
2005ൽ 4,500 രൂപയായിരുന്നു കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില. 2010ൽ ഏകദേശം ഇത് 15,000 രൂപയായി. 2015 ൽ ഇത് 19,000 കടന്നു. 2020 സെപ്തംബറിൽ 37,000 വരെ സ്വർണ്ണ വില എത്തി. അതേ സ്വർണമാണ് 2025ൽ 80,000 കടന്നത്.
അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതും ഫെഡ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷ ശക്തമായതുമാണ് സ്വർണ വില കുതിക്കാൻ ഇടയാക്കിയത്. ഡോളർ സൂചിക 0.10 ശതമാനം ഇടിഞ്ഞത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങൽ എളുപ്പമാക്കി
ഓൺലൈൻ വ്യാപാരികൾ സ്വർണ നിക്ഷേപം വിറ്റഴിക്കാതെ കൈവശം വെച്ചിരിക്കുന്നതും വില വർദ്ധനവിന് കാരണമാകുന്നതായി കേരളത്തിലെ ജ്വല്ലറിയുടമകൾ പറയുന്നു.















