തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിലെ സനാതനധർമ്മ അവഹേളനത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമെന്ന് ഹിന്ദു ഐക്യവേദി. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും അനങ്ങാപാറ നയം സികരിക്കുന്നുവെന്നും ഹിന്ദു ഐക്യവേദി വിമർശിച്ചു.
ശിവലിംഗത്തിന്റെ മുകളിലേക്ക് ആർത്തവ രക്തം ഒഴുകുന്ന തരത്തിലുള്ള ചിത്രം ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രമാണെന്നാണ് ലോട്ടറി വകുപ്പിന്റെ വാദം. കഴിഞ്ഞ ദിവസം കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച മറ്റൊരു ചിത്രം ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുന്നതാണെന്ന വിമർശനം ഉയർന്നിരുന്നു. ക്രൈസ്തവ സഭകൾ ഇതിനെതിരെ രംഗത്ത് വന്നതോടെ ഗാലറി താൽക്കാലികമായി അടച്ചുപൂട്ടി രോഷം തണുപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്.
എന്നാൽ ലോട്ടറിയുടെ കാര്യത്തിൽ ഹിന്ദുക്കളുടെ പ്രതിഷേധവും പരാതിയും കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാരെന്നും ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി. തിരുവാതിര കാലത്ത് തന്നെ ഇത്തരം ഒരു ചിത്രം അച്ചടിച്ചത് ഗൂഢലക്ഷ്യം വെച്ചുകൊണ്ടാണെന്നും സംഘടന ചൂണ്ടിക്കാട്ടി. സംഭവത്തിൽ പ്രതിഷേധിച്ച് മഹിളാ ഐക്യവേദിയുടെ നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.















