വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും തടങ്കലിലാക്കിയതിന് പിന്നാലെ കൂടുതൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. മെക്സിക്കോ, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ മയക്കുമരുന്ന് നിർമ്മാണവും കടത്തും തടഞ്ഞില്ലെങ്കിൽ വെനസ്വേലയ്‌ക്ക് സമാനമായ നടപടികൾ നേരിടേണ്ടി വരുമെന്നാണ് ഭീഷണി.
അമേരിക്കയ്‌ക്ക് ഭീഷണിയുയർത്തുന്ന “പ്രശ്നക്കാരായ അയൽക്കാർ”എന്നാണ് ട്രംപ് ഇവരെ വിശേഷിപ്പിച്ചത്. ക്യൂബ ഇപ്പോൾ പരാജയപ്പെട്ട രാജ്യമാണെന്നും മയക്കുമരുന്ന് സംഘങ്ങളാണ് മെക്സിക്കോ ഭരിക്കുന്നതെന്നും നമ്മൾ എന്തെങ്കിലും ചെയ്യേണ്ട സമയമായിരിക്കുന്നു എന്നുമാണ് ട്രംപ് ചൂണ്ടിക്കാട്ടിയത്. കൊളംമ്പിയയിൽ മൂന്ന് വലിയ കൊക്കെയ്ന് ഫാക്ടറികളുണ്ടെന്നും ഇത് നടത്തുന്നത് പ്രസിഡന്റ് ഗുസ്താവോ പെട്രോയാണെന്നും ട്രംപ് ആരോപിച്ചു.
മയക്കുമരുന്ന് കടത്ത് ശൃംഖലയ്‌ക്ക് നേതൃത്വം നൽകി അമേരിക്കൻ ജനതയെ നശിപ്പിക്കാൻ ശ്രമിച്ചു എന്ന ‘നാർക്കോ-ടെററിസം’ കുറ്റമാണ് വെനസ്വേലൻ പ്രസിഡന്റിനും ഭാര്യയ്‌ക്കും മേൽ അമേരിക്ക ആരോപിച്ചിരിക്കുന്നത്. എന്നാൽ വാഷിംഗ്ടണിന്റെ ഈ ആരോപണങ്ങൾ വെനസ്വേല തള്ളിക്കളഞ്ഞു. രാജ്യത്തിന്റെ എണ്ണ, ധാതു വിഭവങ്ങൾ കൊള്ളയടിക്കുക എന്നതാണ് യുഎസ് ആക്രമണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യമെന്ന് വെനസ്വേല പറഞ്ഞു.















