തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഇഞ്ചക്കലിലുള്ള എസ്ഐടി ആസ്ഥാനത്ത് ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ദേവസ്വം ബോർഡിൽ നിന്നും ശമ്പളം വാങ്ങുന്നയാളാണെന്നും അതിനാൽ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എ പത്മകുമാറിന്റെയും മുരാരി ബാബുവിൻറയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശയാസ്പദമാണെന്നാണ് എസ് ഐ ടിയുടെ റിപ്പോർട്ടിലുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് തന്ത്രിയാണെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറടക്കം മൊഴി നൽകിയിരുന്നു.
അതേസമയം, തന്ത്രിയുടെ അറസ്റ്റിന് പിന്നിൽ സിപിഎമ്മാണെന്ന ആരോപണവും ശക്തമാവുകയാണ്. തെരഞ്ഞടുപ്പ് പരാജയത്തിന് പിന്നിലെ അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമമാണോ എന്ന സംശയവും ഉയരുന്നുണ്ട്. കാരണം സ്വർണക്കൊള്ളയുടെ കാലത്ത് ദേവസ്വം ബോർഡ് അംഗമായിരുന്ന ശങ്കർദാസിനെയും മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയോ ഇതുവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടി തയ്യാറായിട്ടില്ല. ഒപ്പം ചോദ്യം ചെയ്തതിന് പിന്നാലെ ധൃതിപിടിച്ചുള്ള തന്ത്രിയുടെ അറസ്റ്റ് ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാനും സാധ്യതയുണ്ട്.
2018- 19 കാലത്ത് ശബരിമലയിലുണ്ടായ ആചാരലംഘനങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ച ഒരാളാണ് തന്ത്രി കണ്ഠരര് രാജീവര്. യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന്ർറെയും ദേവസ്വം ബോർഡിന്റെയും നിലപാടിന് വിരുദ്ധമായിരുന്നു അദ്ദേഹം. യുവതി പ്രവേശനത്തിനെതിരെ സുപ്രീംകോടതിയിൽ അദ്ദേഹം സത്യവാങ്മൂലം നൽകിയിരുന്നു. യുവതി പ്രവേശനത്തിന് പിന്നാലെ അദ്ദേഹം നടയടച്ച് ശുദ്ധികലശം ചെയ്തതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി തർക്കമുണ്ടായിരുന്നു. ഇതുപോലെ പ്രത്യക്ഷത്തിൽ തന്നെ തന്ത്രി പലപ്പോഴും സിപിമ്മിനെ വെട്ടിലാക്കിയിരുന്നു. ഇതിനെതിരെ കടകംപള്ളി സുരേന്ദ്രനും പത്മകുമാറും പരസ്യമായിരംഗത്ത് വന്നിരുന്നു. തന്ത്രിക്ക് ശബരിമലയിൽ പ്രത്യേക അധികാരമില്ലെന്ന തരത്തിലായിരുന്നു പലപ്പോഴും കടകംപള്ളിയുടെ വാക്കുകൾ.















