ന്യൂഡൽഹി: പാകിസ്ഥാൻ മുന്നറിയിപ്പുമായി ഭാരതം. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ഭീകരർക്കെതിരായ പോരാട്ടം തുടരുമെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി.
എല്ലാ ആക്രമണങ്ങൾക്കും തിരിച്ചടി ഉണ്ടാവും. കഴിഞ്ഞവർഷം പഹൽഗാം ഭീകരരെ അടക്കം 31 തീവ്രവാദികളെ ഇല്ലാതാക്കി. അതിൽ 65 ശതമാനവും പാകിസ്താനികളാണ്. പ്രാദേശിക തീവ്രവാദികളുടെ എണ്ണം വിരലിൽ എണ്ണാവുന്ന വിധത്തിലായി. റിക്രൂട്ട്മെന്റ് ഏതാണ്ട് അവസാനിച്ചു. 2025 ൽ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ
ഇന്നും പാക് അതിർത്തിയിൽ എട്ടോളം ഭീകര ക്യാമ്പുകൾ നിലനിൽക്കുന്നുണ്ട്. ആറെണ്ണം നിയന്ത്രണരേഖയ്‌ക്കും രണ്ടെണ്ണം അന്താരാഷ്‌ട്ര അതിർത്തിയിലുമാണ്. ഏതെങ്കിലും തരത്തിൽ പാകിസ്ഥാൻ പ്രകോപനമുണ്ടാക്കിയാൽ ശക്തമായ തിരിച്ചടിക്കുമെന്നും കരസേനാ മേധാവി പറഞ്ഞു.
ഭീകരവാദത്തിൽ നിന്ന് ടൂറിസത്തിലേക്കുള്ള മാറ്റം കശ്മീരിൽ പ്രകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് ലക്ഷത്തിലധികം തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ട് നടന്ന സമാധാനപരമായ അമർനാഥ് യാത്ര മേഖലയിലെ മാറ്റത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ അതിർത്തിയിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പാകിസ്താനുമായി ഡിജിഎംഒ തലത്തിലുള്ള ചർച്ചകൾ നടന്നതായും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.















