തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ടെന്ന് സമ്മതിച്ച് മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ. കടകംപള്ളിയുമായി അടുത്ത ബന്ധമുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.
ശബരിമലയ്‌ക്കായി അന്നദാനം ഉൾപ്പെടെ വിവിധ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയായിരുന്നു പോറ്റി. ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് പോറ്റിയുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്തത്. എന്ത് ചടങ്ങ് ആണെന്ന് ഇപ്പോൾ താൻ ഓർക്കുന്നില്ല. പോറ്റിയുടെ വസതിയിൽ നിന്ന് ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
സന്നിധാനത്ത് താൻ എപ്പോഴെല്ലാം പോയിട്ടുണ്ട് അപ്പോഴെല്ലാം പോറ്റിയെ അവിടെ കണ്ടിട്ടുണ്ട്. പോറ്റി മോശക്കാരനാണെന്ന ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടില്ല അങ്ങനെ പെരുമാറിയിട്ടുമില്ല. ഇന്നത്തെ പോറ്റി അല്ല അന്നത്തെ പോറ്റി. എസ് ഐ ടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ എല്ലാം പറഞ്ഞിരുന്നുവെന്നും കടകംപള്ളി പറഞ്ഞു. എന്നാൽ പോറ്റിയുമായുള്ള ബെംഗളൂരു കൂടിക്കാഴ്ചയെക്കുറിച്ചും ഒന്നിച്ചുള്ള ചിത്രങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകിയില്ല.















