തിരുവനന്തപുരം : അതിവേഗ റെയിലിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തു വന്നു.
“അതിവേഗ റെയിൽ വരട്ടെ. നല്ല ഏത് പദ്ധതിയെയും സ്വാഗതം ചെയ്യുന്നു. കേരളത്തിന് അതിവേഗ റെയിൽവേ വേണം. സിൽവർ ലൈനിനെ എതിർത്തത് വിദഗ്ധരുടെ അഭിപ്രായം കൂടി തേടി. സിൽവർ ലൈൻ പദ്ധതി തട്ടിക്കൂട്ടാണെന്ന് വ്യക്തമായതാണ്.
പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടത്താതെയായിരുന്നു സിൽവൽ ലൈൻ പദ്ധതി”. വി ഡി സതീശൻ പറഞ്ഞു.
“പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറിക്കെതിരെ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായാണ് ആക്രമിച്ചത് . ഇത് സി പി എമ്മിന്റെ അവസാനത്തിന്റെ ആരംഭമാണ്. ആരോപണം ഉന്നയിച്ച പാർട്ടി നേതാവ് തന്നെ ഭീഷണിയിലാണ്. ടി പി ചന്ദ്രശേഖരന്റെ സ്ഥിതി വരും എന്ന ആശങ്കയിലാണ് ആരോപണം ഉന്നയിച്ചയാൾ”, വി ഡി സതീശൻ പറഞ്ഞു.
നിർദ്ദിഷ്ട അതിവേഗ റെയില്‍പാതയ്‌ക്കെതിരെയും ശക്തമായ സമരം നടത്തുമെന്ന് മുന്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ പറഞ്ഞിരുന്നു. അതിവേഗ റെയില്‍പാത വന്നാല്‍ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകാത്ത വികസനം നാടിന് ആവശ്യമില്ല എന്നും കെ സുധാകരന്‍ പറഞ്ഞു.
അതിവേഗ റെയിൽ പാതക്ക് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ മെട്രോമാൻ ഇ ശ്രീധരനെ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനം പതിനഞ്ച് ദിവസത്തിനകമുണ്ടാകും എന്ന് ഇ ശ്രീധരൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു . രണ്ടാം തിയ്യതി ഓഫീസ് തുറക്കുമെന്ന് ഇ. ശ്രീധരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.















