പാലക്കാട്: വടകര എംപി ഷാഫി പറമ്പിലിനെ 1000 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട് 2022 ജൂൺ 24 ന് കസബ പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് നടപടി. അന്ന് പാലക്കാട് എംഎൽഎയായിരുന്നു ഷാഫി. നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്. കേസിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന നിലവിൽ ഇടതുപക്ഷത്തേക്ക് മാറിയ പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.















