തൃശൂർ: പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജോ (35) ആണ് മരിച്ചത്. വനത്തിൽ ചെളിക്കുഴി ഭാഗത്ത് വെച്ച് ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം. വൈകിട്ട് അഞ്ചുമണിയോടെ ആടിനെ തീറ്റാൻ പോയതായിരുന്നു ഷിജോ. രാത്രിയായിട്ടും കാണാതായതോടെ ബന്ധുക്കൾ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരിച്ചലിലാണ് വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിജോ വനത്തിനുള്ളിൽ വെച്ച് തന്നെ മരണപ്പെട്ടു.
പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. വനംവകുപ്പിന്റെ ജീപ്പ് നാട്ടുകാർ തടഞ്ഞു. പീച്ചി പോലീസും വനം വകുപ്പും ചേർന്ന് വനത്തിനുള്ളിൽ നിന്നും പുറത്തെത്തിച്ച മൃതദേഹം തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.















