മട്ടാഞ്ചേരി: നാവികസേനയുടെ കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ബംഗാള്‍ സ്വദേശി അലിഫ് ഇസ്ലാമാണ് പിടിയിലായത്. ഇടുക്കി ജില്ലയിലെ മറയൂരിൽ നിന്നാണ് പ്രതിയെ കർണാടക പോലീസ് പിടി കൂടിയത്. കേസിലെ മറ്റ് മൂന്ന് പ്രതികൾ കസ്റ്റഡിയിലാണ്.
പ്രതി കൊച്ചിന്‍ കപ്പല്‍ശാലയിലും, ഉഡുപ്പിയിലെ കൊച്ചി കപ്പല്‍ശാല ശാഖയിലും കരാര്‍ ജോലി ചെയ്തിരുന്നു. ഈ കാലയളവിലാണ് പാകിസ്ഥാന് വിവരങ്ങൾ ചോർത്തിയിരുന്നത്. കപ്പല്‍ശാല അധികൃതരുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് നടപടിയെടുത്തത്. കേസിൽ അറസ്റ്റിലായ ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശികളായ രോഹിത്, സാന്‍ഡ്രി , അഹമ്മദാബാദ് സ്വദേശിയായ ഹിരേന്ദ്രകുമാര്‍ എന്നിവർ ഉഡുപ്പി കപ്പല്‍ശാല ശാഖ ഉപകരാറുകാരായ സുഷമ മറ്റെന്‍ പ്രൈവറ്റ് ലിമിറ്റഡിലെ കരാര്‍ ജോലിക്കാരായിരുന്നു. രോഹിതും സാന്‍ഡ്രിയും കൊച്ചി കപ്പല്‍ശാലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിരേന്ദ്രകുമാറായിരുന്നു ഇവര്‍ക്കാവശ്യമായ മൊബൈല്‍ സിം കാര്‍ഡ് വാങ്ങി നല്‍കിയത്.
നാവികസേനയുടെ കപ്പലുകളുടെ രഹസ്യപട്ടിക, തിരിച്ചറിയല്‍ നമ്പര്‍, രഹസ്യവിവരങ്ങള്‍, അറ്റകുറ്റപ്പണി വിവരങ്ങള്‍ എന്നിവ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് എന്നിവ വഴി ഇവര്‍ പാകിസ്ഥാന്‍ ഏജന്റിന് കൈമാറുകയായിരുന്നു. 18 മാസത്തോളം രോഹിതും സാന്‍ഡ്രിയും രഹസ്യവിവര കൈമാറ്റം നടത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. പണത്തിന് വേണ്ടിയാണ് ഇവർ വിവരങ്ങൾ കൈമാറിയതെന്നാണ് റിപ്പോർട്ട്. കേസിൽ പ്രതിപ്പട്ടികയിലുള്ള ബംഗ്ലാദേശ് സ്വദേശിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.















