പനാജി: ചാണകവും ഗോമൂത്രവും ഹൈടെക് വിദ്യയിലൂടെ ബയോഗ്യാസും ജൈവളവുമാക്കി മാറ്റുന്ന ലൈവ് സ്റ്റോക്ക് വാലറൈസേഷൻ സിസ്റ്റം ഗോവയിലെ ICAR (central costal agricultural research institution) ൽ പ്രവർത്തനം ആരംഭിച്ചു.
ചെറുകിട കർഷകർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗോവയിലെ ICAR ൽ ലക്ഷ്യത്തിലെത്തിയത്. അനൈറോബിക് ഡൈജഷൻ സംവിധാനത്തിലൂടെയാണ് ചാണകവും ഗോമൂത്രവും ബയോഗ്യാസും ജൈവവളവുമാക്കി മാറ്റുന്നത്. ഓക്സിജൻ ഇല്ലാത്ത അവസ്ഥയിൽ ജൈവ സംസ്കരണം നടത്തുന്ന പ്രക്രിയയാണിത്. ചാണകവും മൂത്രവും ഇൻലെറ്റ് വഴി ഡൈജസ്റ്ററിലേക്ക് എത്തിക്കുകയും അവിടെ ജൈവസംസ്കരണ പ്രക്രിയയിലൂടെ ബയോഗ്യാസ് ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. ഉൽപ്പാദിപ്പിക്കുന്ന വാതകം ശുദ്ധമായ ഇന്ധനമായി ഉപയോഗിക്കാനാകും. ശേഷിക്കുന്നത് ജൈവവളമായി ഉപയോഗിക്കാം.

കൃഷിക്ക് ഏറ്റവും അനുയോജ്യമായ ജൈവവളമാണ് ഈ പ്രക്രിയയിലൂടെ നിർമ്മിച്ചെടുക്കുന്നത്. കന്നുകാലി മാലിന്യങ്ങൾ പരിസ്ഥിതി സൗഹൃദമായി മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റുന്നതും ഈ പ്രക്രിയയുടെ സവിശേഷതയാണ് . ശുചിത്വവും സ്വയം പര്യാപ്തതിയും ഉറപ്പാക്കുന്നു എന്നതും പദ്ധതി ലക്ഷ്യം വെക്കുന്നു. പുതുതായി കണ്ടെത്തിയ നൂതന സാങ്കേതികവിദ്യ കർഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.















