കൊച്ചി: കേരളാ സ്റ്റോറി 2 പ്രദർശനത്തിനെതിരായ ഡിവൈഎഫ്ഐ ആസൂത്രിത അക്രമത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സംസ്ഥാന സർക്കാർ. പ്രദർശനത്തിനിടെ ക്രമസമാധാനം നിലനിർത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവാണ് ഇതോടെ സർക്കാരും പോലീസും ലംഘിച്ചത്. ഡിവൈഎഫ്ഐ അതിക്രമമുണ്ടായ ഇടങ്ങളിൽ പോലീസ് നോക്കുകുത്തിയാകുകയായിരുന്നു.
കോടതി വിധിയെ വെല്ലുവിളിച്ച് കൊണ്ട് കേരള സ്റ്റോറി – 2 പ്രദർശനം ഡിവൈഎഫ്ഐ വിവിധ ഇടങ്ങളിൽ തടസപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഡിവൈഎഫ്ഐക്കാർ ബഹളവെച്ചതോടെ എറണാകുളം ഷേണായിസിൽ പ്രദർശനം നിർത്തിവച്ചു. ഇതോടെ സിനിമ കാണാൻ വന്നവർ മടങ്ങി. പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചു പ്രതിഷേധിച്ചതിനെ തുടർന്നാണ് പ്രദർശനം നിർത്തിവച്ചതെന്ന് സമ്മതിച്ച് ഷേണായിസ് തീയറ്ററിന്റെ മാനേജർ പറഞ്ഞു.
കോട്ടയത്ത് സിനിമ കാണാൻ എത്തിയ വയോധികരെ ഡിവൈഎഫ്ഐക്കാർ ഭീഷണിപ്പെടുത്തി തീയറ്ററിൽ നിന്നും പുറത്താക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അനശ്വര തിയേറ്ററിലാണ് സംഭവം. 11 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. തുടർന്ന് ഉച്ചയ്‌ക്ക് 12 ഓടെ ആദ്യ പകുതി പിന്നിട്ട സമയത്താണ് ഡിവൈഎഫ്ഐ പ്രവർത്തകർ എത്തി പ്രശ്നമുണ്ടാക്കിയത്. കേരള സ്റ്റോറിയുടെ പോസ്റ്ററുകളും പ്രവർത്തകർ വലിച്ചുകീറി നശിപ്പിച്ചു. ഈ സമയത്തെല്ലാം പോലീസ് നോക്കുകുത്തിയായി നിൽക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സിനിമയുടെ പ്രദർശന വിലക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻവലിച്ചത്. സിനിമയ്‌ക്ക് 15 ദിവസത്തേക്ക് പ്രദർശനാനുമതി തടഞ്ഞു കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവുണ്ടായിരുന്നു. അതിനെതിരെയുള്ള നിർമാതാക്കളുടെ അപ്പീലിലാണ് സിനിമ റീലിസ് ചെയ്യാൻ അനുമതി നൽകിയത്.















