ന്യൂഡൽഹി: ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎഇ. അയൽക്കാരോട് ഇറാൻ യുക്തിയോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറണമെന്നും സംയമനം പാലിച്ചില്ലെങ്കിൽ കൂടുതൽ ഒറ്റപ്പെടുമെന്നും യുഎഇ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് മുന്നറിയിപ്പ് നൽകി. ഇറാന് ലക്ഷ്യം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാൻ അവസാനിപ്പിക്കണം. ഇറാന്റെ നടപടി പരമാധികാരത്തിന്റെയും അന്താരാഷ്‌ട്ര തത്വങ്ങളുടെയും തുടർച്ചയായ ലംഘനമാണെന്നും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും സൗദി പ്രതികരിച്ചു. ആക്രമണത്തിനിരയായ രാജ്യങ്ങൾക്കൊപ്പം പൂർണ്ണമായും നിലകൊള്ളുമെന്നും സൗദി വ്യക്തമാക്കി.
ആക്രമിക്കാനുള്ള ഇറാന്റെ രണ്ടാം നീക്കത്തിന് ശക്തമായ തിരിച്ചടി നൽകിയതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണം പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
അതേസമയം, ഖമേനിയുടെ കൊലപാതകം മനുഷ്യന്റെ ധാർമ്മികതയുടെയും അന്താരാഷ്‌ട്ര നിയമത്തിന്റെയും ലംഘനമാണെന്നായിരുന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രതികരണം. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് എന്നിവർ യുഎസും ഇറാനും ചർച്ചകൾ പുനരാരംഭിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.















