തിരുവനന്തപുരം: കുംഭമേള വൈറൽ താരം മൊണോലിസയുടെ വിവാഹ നടത്തിപ്പിൽ വെട്ടിലായി സിപിഎം. മൊണോലിസയ്‌ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം പുറത്തായതോടെയാണ് സിപിഎമ്മും നേതാക്കളും പ്രതിരോധത്തിലായത്. മോണോലിസയുടെ ആധാർ രേഖയിലെ പ്രായം കൃത്രിമമായി തയ്യാറാക്കിയതാണോ എന്നും സംശയമുണ്ട്. മകൾക്ക് 16 വയസാണ് പ്രായമെന്നും സമ്മർദ്ദലാക്കി വിവാഹം കഴിപ്പിച്ചതാണെന്നുമുള്ള മൊണോലിസയുടെ അമ്മയുടെ വെളിപ്പെടുത്തലോടെ സംശയം ബലപ്പെടുകയാണ്.
റിയൽ കേരള സ്റ്റോറി എന്ന് പ്രചരണം നടത്തിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനും സംസ്ഥാന മന്ത്രിയും ‘കാരണവർ’ സ്ഥാനത്ത് നിന്ന് വിവാഹം നടത്തി കൊടുത്തത്. സിപിഎം നടത്തി കൊടുക്കുന്ന വിവാഹമായ ഇതിനെ ചിത്രീകരിക്കുകയും ചെയ്തു. തൊട്ട് പിന്നാലെയാണ് പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച വിവരം പുറത്തുവന്നത്. ദേശീയ മാധ്യമമായ ‘ഇന്ത്യ ടുഡേ’ കഴിഞ്ഞ മൊണോലിസയുടെ ജന്മദിനത്തിൽ റിപ്പോർട്ട് ചെയ്തത് 16 വയസെന്നാണ്. 2009 ജനുവരി 21നാണ് മൊണോലിസ ജനിച്ചതെന്നാണ് ഇതിൽ പറയുന്നത്. ഇത് ശരിയാണെങ്കിൽ മൊണോലിസയുടെ ഇപ്പോഴത്തെ പ്രായം 17 വയസും 2 മാസവുമാണ്. മലയാള മാധ്യമങ്ങളും ഇതേ കാര്യം കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച ആധാറിൽ 01. 01. 2008 ആണ് ജനന തീയതി. വിവാഹം നടത്താനായി ആധാറിൽ കൃത്രിമം കാണിച്ചതാണോ എന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്. മൊണോലിസയുടെ പ്രായത്തിൽ വ്യക്തത വരുത്താതെയും ഇരുവരുടെയും ബന്ധുക്കളോട് സംസാരിക്കാതെയുമാണ് സിപിഎം വിവാഹം നടത്തി കൊടുത്തത്.
അടുത്തിടെ നടത്തിയ പിആർ വർക്കുകളെല്ലാം എട്ടു നിലയിൽ പൊട്ടിതോടെ ഒരു മുസ്ലീം യുവാവ് ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനെ റിയൽ കേരള സ്റ്റോറിയായി പ്രചരിപ്പിച്ച് മൈലേജുണ്ടാക്കാനായിരുന്നു സിപിഎമ്മിന്റെ ശ്രമം. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിഞ്ഞാൽ വിവാഹം നടത്തി കൊടുത്തവർ അഴിയെണ്ണേണ്ടി വരും.















