തിരുവനന്തപുരം: മേയർ വി. വി രാജേഷിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെയും കാറ്ററിംഗ് ഉടമകളുടെയും യോഗം ചേർന്നു. പാചക വാതക ക്ഷാമം നേരിടാൻ കേന്ദ്ര സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ മേയർ യോഗത്തിൽ വിശദീകരിച്ചു.
ഭക്ഷണ സാധനങ്ങളുടെ വില വർദ്ധനവ് പാടില്ലെന്നും, കടകളിൽ തിളപ്പിച്ച വെള്ളം കുടിയ്‌ക്കാൻ കൊടുക്കണമെന്നും നിർദ്ദേശം നല്കി. പാചകവാതകം പൂഴ്‌ത്തി വയ്‌ക്കുന്നവരെയും, കരിഞ്ചന്തക്കാരെയും കർശനമായി നേരിടാൻ പ്രത്യേക സ്‌ക്വാഡുകൾക്ക് രൂപം നല്കും. പരീക്ഷക്കാലമായതിനാൽ ഹോസ്റ്റലുകൾ അടച്ചു പൂട്ടുമെന്ന ആശങ്ക വിദ്യാർത്ഥികൾക്കും, മാതാപിതാക്കൾക്കുമുണ്ട്. ഭക്ഷണം ലഭിക്കില്ല എന്നുള്ള ആശങ്കയിൽ വിദ്യാർത്ഥികൾ പരീക്ഷാകാലത്ത് ഹോസ്റ്റൽ ഉപേക്ഷിച്ചു പോകേണ്ടി വരില്ലെന്ന് മേയർ പറഞ്ഞു.
ആശുപത്രികളും ഹോട്ടലുകളും ഭക്ഷണം കിട്ടാത്ത സാഹചര്യത്തിലേക്ക് ആണെങ്കിൽ നഗരസഭ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കും. ആർക്കും ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടാകരുത്. ഇത് സംബന്ധിച്ച് നാളെ നടക്കുന്ന സർവ്വകക്ഷി യോഗത്തിൽ ചർച്ച നടക്കും. 101 കൗൺസിൽ മാരുമായി ഓൺലൈനിൽ മീറ്റിംഗ് നടത്തി കമ്മ്യൂണിറ്റി കിച്ചന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും വി. വി രാജേഷ് പറഞ്ഞു.















