മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് മുസ്ലിം ലീഗിൽ പൊട്ടിത്തെറി. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി അബ്ദുറഹ്മാൻ രണ്ടത്താണി രംഗത്തു വന്നു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് അതിനോടൊപ്പം കുറിപ്പും പോസ്റ്റ് ചെയ്യുകയായിരുന്നു രണ്ടത്താണി. മുസ്ലിം ലീഗ് പാർട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്. പാർട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്തവരെ തിരിച്ചറിഞ്ഞ് അംഗീകാരം നൽകിയ മഹാനായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളെന്നും കുറിപ്പിൽ പറയുന്നു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ കുറിപ്പ് പുറത്തുവന്നത്. ഇത് സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തിയാണെന്ന് ആളുകൾ തിരിച്ചറിയുകയായിരുന്നു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. സംഗതി വൻവിവാദമാവുകയും ഊഹാപോഹങ്ങൾക്ക് ഇടവരുത്തുകയും ചെയ്തതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് വിശദീകരണക്കുറിപ്പുമായി രണ്ടത്താണി രംഗത്തെത്തി.
പുതിയ കുറിപ്പ് :
‘മുസ്‍ലിംലീഗ് പാർട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു. പാർട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത മഹാൻ. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. ഇന്നത്തെ മുസ്‍ലിംലീഗ് സ്ഥാനാർത്ഥികളുടെ പട്ടികയും ഈ ഗണത്തിൽപെട്ടതാണ്. ദേശീയതലത്തിൽ യൂത്ത് ലീഗിനും എം.എസ്.എഫിനും വിലാസമുണ്ടാക്കിക്കൊടുത്ത യുവജന -വിദ്യാർഥി നേതാക്കളും പ്രഗത്ഭരായ വനിതാ നേതാക്കളും തൊഴിലാളി വർഗത്തിന്റെ അവകാശസമര പോരാട്ടത്തിലെ നായകന്മാരും തുടങ്ങി ഒട്ടേറെ പ്രതിഭാശാലികൾ ഇത്തവണ മുസ്‍ലിംലീഗിന്റെ സ്ഥാനാർഥി പട്ടികയിലുണ്ട്. പുതിയ തലമുറക്ക് അവസരം കൊടുത്ത് കഴിഞ്ഞ കാലങ്ങളിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കാണിച്ച മാതൃക സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും തുടരുന്നു എന്നതാണ് ലീഗിന്റെ സവിശേഷത. വിജയത്തിലും അത് പ്രതിഫലിക്കും’ -എന്നായിരുന്നു പുതിയ കുറിപ്പ്.
സ്ഥാനാർത്ഥി നിർണയത്തിൽ സിറ്റിംഗ് എംഎൽഎമാരായ കെ പി എ മജീദ്, പി ഉബൈദുള്ള , അഡ്വ യു എ ലത്തീഫ് എന്നിവർക്കും അതൃപ്തിയുണ്ടെന്നു വാർത്തയുണ്ട്.















