ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍യുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രധാന രേഖകള്‍ കോടതിയിൽ സമർപ്പിച്ചു . കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ അഭിഭാഷകന്‍ മുഖേനെ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ പരാതിക്കാരിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ കെആര്‍സുഭാഷ് ചന്ദ്രന്‍ മുദ്ര വെച്ച കവറില്‍ ചില രേഖകള്‍ കോടതിക്ക് കൈമാറിയത്. എന്നാല്‍ മുദ്ര വെച്ച കവറിലെ രേഖകള്‍ എന്താണെന്ന് വ്യക്തമല്ല.
ബുധനാഴ്ചയാണ് സുപ്രീം കോടതി ഈ ഹര്‍ജി പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എന്‍കെ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുള്‍പ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവില്‍ ഉണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.















