ന്യൂഡൽഹി: ഭാരതത്തിന്റെ അതിർത്തി പ്രദേശങ്ങളെ വികസിതമാക്കുന്ന വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം കൂടുതൽ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്നു. അതിർത്തി ഗ്രാമങ്ങളെ ‘അവസാന ഗ്രാമങ്ങളായി’ കാണാതെ രാജ്യത്തിന്റെ ‘ആദ്യത്തെ ഗ്രാമങ്ങളായി’ പരിഗണിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളെ രാജ്യത്തിന്റെ കണ്ണും കാതും ആയി ശാക്തീകരിക്കുക എന്ന തന്ത്രപ്രധാന ലക്ഷ്യത്തോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പദ്ധതി വിപുലീകരിക്കുന്നത്.
2023-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് വടക്കൻ പ്രദേശങ്ങളിൽ പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിച്ചത്. രണ്ടാം ഘട്ടത്തിനായി കേന്ദ്ര സർക്കാർ 6,839 കോടി രൂപയാണ് 2028-29 സാമ്പത്തിക വർഷം വരെ വകയിരുത്തിയിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ചൈന അതിർത്തിയോട് ചേർന്നുള്ള വടക്കൻ സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു പദ്ധതിയെങ്കിൽ, രണ്ടാം ഘട്ടത്തിൽ ഇത് പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു.
എല്ലാ വീടുകളിലും അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡുകൾ, അതിവേഗ ഇന്റർനെറ്റ്, മൊബൈൽ ടവറുകൾ, ടെലിവിഷൻ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കും. 24 മണിക്കൂർ വൈദ്യുതി ലഭ്യമാക്കാൻ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ ഉൾപ്പെടെയുള്ളവ പ്രയോജനപ്പെടുത്തും.
മികച്ച തൊഴിലവസരങ്ങളും ജീവിതസാഹചര്യങ്ങളും ഒരുക്കുന്നതിലൂടെ അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള ജനങ്ങളുടെ കുടിയേറ്റം തടയാൻ സാധിക്കും. അതിർത്തി രക്ഷാസേനകളും പ്രാദേശിക ജനതയും തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിനായി സാംസ്കാരികമായി സംവേദനക്ഷമമായ സമ്പർക്ക പരിപാടികൾ ആവിഷ്കരിക്കും. ജൽ ജീവൻ മിഷൻ വഴി എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കും. കൂടാതെ, അതിർത്തി ഗ്രാമങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിപ്പിക്കുകയും ചെയ്യും.















