ന്യൂഡൽഹി: തീവണ്ടി യാത്രക്കാരുടെ സൗകര്യാർത്ഥം ടിക്കറ്റുകൾ റദ്ദാക്കുന്ന നിയമങ്ങൾ ഇന്ത്യൻ റെയിൽവേ പരിഷ്കരിച്ചു . ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർമുൻപുവരെ ബോർഡിങ് സ്റ്റേഷൻ മാറ്റാം. നിലവിൽ അന്തിമ ചാർട്ട് ഇറങ്ങുന്നതിനുമുൻപുമാത്രമാണ് ഈ സൗകര്യം ഉണ്ടായിരുന്നത്. കൗണ്ടർവഴി ടിക്കറ്റെടുക്കുന്നവർക്ക് യാത്രാക്ലാസ് വണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപുവരെ മാറ്റാം. നിലവിൽ ഇതും ചാർട്ടിങ്ങിനുമുൻപ് വേണമായിരുന്നു.
കൗണ്ടർവഴി റിസർവ്‌ചെയ്യുന്ന ടിക്കറ്റ് യാത്ര അവസാനിക്കുന്ന സ്റ്റേഷനിൽനിന്നുമാത്രമേ യാത്രക്കാർക്ക് നിലവിൽ റദ്ദാക്കാനാകുമായിരുന്നുള്ളൂ. ഇത് മാറ്റി രാജ്യത്തെ ഏത് സ്റ്റേഷനിൽനിന്നും ടിക്കറ്റ് റദ്ദാക്കാം. ഇ-ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ റീഫണ്ടിനായി ഇനി ‘ടി.ഡി.ആർ’ (TDR) ഫയൽ ചെയ്യേണ്ടതില്ല; പകരം തുക തനിയെ അക്കൗണ്ടിലെത്തുന്ന ഓട്ടോമാറ്റിക് റീഫണ്ട് സംവിധാനം നടപ്പിലാക്കി.
ഏജന്റുമാർ ടിക്കറ്റുകൾ പൂഴ്‌ത്തിവെക്കുന്നത് തടയാൻ ആധാർ അധിഷ്ഠിത OTP സംവിധാനം കൊണ്ടുവന്നു. വ്യാജ ഐഡികളെ തടയാൻ ആന്റി-ബോട്ട് (Anti-bot) സാങ്കേതികവിദ്യ വിന്യസിച്ച റെയിൽവേ, മൂന്ന് കോടിയോളം സംശയാസ്പദമായ യൂസർ ഐഡികൾ റദ്ദാക്കുകയും ചെയ്തു.
ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ഇനി യാത്രക്കാർക്ക് തങ്ങളുടെ ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ സാധിക്കും എന്ന നിയമ ഭേദഗതി
യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായ മാറ്റമാണ്. വലിയ നഗരങ്ങളിൽ ഒന്നിലധികം സ്റ്റേഷനുകളുള്ള സാഹചര്യത്തിൽ ഈ സൗകര്യം യാത്രക്കാർക്ക് ഏറെ ഗുണകരമാകും
ബെർത്ത് ഉറപ്പായ ടിക്കറ്റുകൾ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ മുഴുവൻ തുകയും തിരിച്ചു കിട്ടും. റദ്ദാക്കൽചാർജ് ഇനത്തിലെ നാമമാത്രമായ തുകയേ ഇതിന് ഈടാക്കൂ.
തീവണ്ടി പുറപ്പെടുന്നതിന് 72 മുതൽ 24 മണിക്കൂർ മുൻപുവരെ റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം തുക കഴിച്ച് ബാക്കി പണം ലഭിക്കും.
24 മുതൽ എട്ട് മണിക്കൂർ വരെ റദ്ദാക്കിയാൽ 50 ശതമാനം തുക ലഭിക്കും.
എട്ട് മണിക്കൂറിനകത്താണ് റദ്ദാക്കുന്നതെങ്കിൽ പണം തിരികെ കിട്ടില്ല.
ഈ മാറ്റങ്ങൾ ഏപ്രിൽ 15-നകം പരിഷ്കാരം നിലവിൽ വരുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.















