പാലക്കാട്: കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നടപടി.
പാലക്കാട്ടെ മജിസ്ട്രേറ്റ് കോടതിയാണ് അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. പ്രശോഭ്. സി. വത്സനെതിരെ തെളിവ് ശേഖരണവും പോലീസ് ആരംഭിച്ചു.
ഡിജിറ്റൽ തെളിവുകളാണ് ആദ്യഘട്ടത്തിൽ പോലീസ് ശേഖരിച്ചത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രശോഭിനായി അന്വേഷണം തുടരുകയാണ്. മുൻകൂർ ജാമ്യത്തിനായാണ് പ്രശോഭ് ഒളിവിൽ കഴിയുന്നതെന്ന നിഗമനത്തിൽ പോലീസ്.
നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറാണ് പ്രശോഭ് വത്സൻ. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും ഗുളിക എത്തിച്ച് നൽകിയെന്നും ദളിത് യുവതി നൽകിയ പരാതിയിൽ പറയുന്നു.














