കോട്ടയം : നിയോജകമണ്ഡലത്തിന്റെ രൂപീകരണത്തിന് ശേഷം ഇന്നേ വരെ മാറിമാറി ഇരുമുന്നണികളെയും പരീക്ഷിച്ച പാലാ മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ എടുത്തുകാട്ടി എൻ ഡി എ സ്ഥാനാർത്ഥി ഷോൺ ജോർജ്. 50 വർഷത്തോളം കെഎം മാണി പ്രതിനിധീകരിച്ച പാലായിൽ ഇതേവരെ ഒരു മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള ഒരു സ്റ്റേഡിയമില്ല എന്ന വസ്തുതയാണ് ഷോൺ ജോർജ് സമീപകാല സംഭവ വികാസം ഉദ്ധരിച്ച് എടുത്തു പറയുന്നത്.
സുരക്ഷാസൗകര്യങ്ങളുള്ള സ്റ്റേഡിയം ഇല്ലാത്തതുകൊണ്ട് ഏപ്രിൽ നാലിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാലാ സന്ദർശനം റദ്ദാക്കിയിരുന്നു.
ഇത് കേവലം ഒരു സുരക്ഷാ പ്രശ്നം മാത്രമല്ല മൈതാനങ്ങൾ ഒരു നാടിന്റെ കലാകായിക വളർച്ചയുടെ അളവുകോൽ കൂടിയാണ് എന്ന് ഷോൺ ജോർജ് പാലായിലെ വോട്ടർമാരെ ഓർമ്മിപ്പിക്കുന്നു. തന്നെ ജയിപ്പിക്കുകയാണെങ്കിൽ പാലായിൽ വളരെയധികം സൗകര്യങ്ങളുള്ള മികച്ച ഒരു സ്റ്റേഡിയം നിർമ്മിക്കാൻ മുൻകൈയെടുക്കും എന്നും ഷോൺ പറയുന്നുണ്ട്..
ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്കു വരുമ്പോൾ തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയില്‍ പൊതുപരിപാടിയിലും പങ്കെടുക്കും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ അടക്കം സമീപത്തെ പ്രധാന പത്ത് നിയമസഭാ മണ്ഡങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് നഗരമധ്യത്തിലെ കിള്ളിപ്പാലം മുതല്‍ കരമന വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ.
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ മുപ്പതിനായിരം പേര്‍ പങ്കെടുക്കുന്ന പരിപാടി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആവേശമായി മാറുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി അറിയിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയില്‍ തിരുവനന്തപുരം റവന്യൂ ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും അണിനിരക്കും. ഒരാഴ്ചയ്‌ക്കിടെ രണ്ടാമത് തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ പ്രചാരണത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന പൊതു പരിപാടിയിലും തൃശൂര്‍ നഗരത്തില്‍ നടന്ന റോഡ് ഷോയിലും പങ്കെടുത്താണ് പ്രധാനമന്ത്രി മടങ്ങിയത്.















