മുംബൈ: മഹാരാഷ്ട്രയിൽ മലയാളി മൂന്നുപേരെ വെടിവെച്ചിട്ടു. താനെയിലെ മുംബ്രയിലാണ് സംഭവം. ജയൻ ശിവാനന്ദൻ നായറാണ് വെടിവച്ചത്. സഹോദരിയെ പോലെ കരുതുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചവർക്ക് നേരെയായിരുന്നു ആക്രമണം. വെടിയേറ്റ മൂന്ന് പേരിൽ അക്ബർ അബ്ദുൾ ഷെയ്ഖ് എന്നയാൾ മരിച്ചു. ജയൻ ശിവാനന്ദൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 11.30ഓടെ സുമൻ തായ് ചവാൻ ഹിന്ദി പ്രെെമറി സ്കൂളിന് സമീപമാണ് സംഭവം നടന്നത്. അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ ചേർന്ന് യുവതിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുറച്ച് കാലമായി ഇവർ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്യുന്നുണ്ടായിരുന്നു. ലൈംഗികാതിക്രമത്തിനും ഇവർ പല തവണ ശ്രമിച്ചിരുന്നു.
താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് യുവാക്കളെ വെടിവച്ചതെന്നാണ് ജയൻ പൊലീസിനോട് പറഞ്ഞത്. നാടൻ തോക്കാണ് വെടിവെക്കാൻ ഉപയോഗിച്ചത് എന്നാണ് റിപ്പോർട്ട്. മുൻ സെെനികനായിരുന്നു പ്രതി. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.















